തീവ്രചിന്താഗതികൾ മതങ്ങളെതെറ്റിദ്ധരിപ്പിക്കുകയും വിവിധ മതസമൂഹങ്ങൾക്കിടയിൽഅകൽച്ചകളും വിടവുകളും ധാരളമായി നിലനിൽക്കുകയുംചെയ്യുന്ന ഇക്കാലത്ത് യോജിപ്പിന്റെ മേഖലകൾ തുറന്ന് വെക്കുന്നതിന് ഏറെ പ്രാധാന്യമുണ്ടെന്ന് പാളയം ചീഫ് ഇമാം വി. പി. സുഹൈബ് മൗലവി പറഞ്ഞു. ഓപൺ റീഡ് പ്രസാധക കൂട്ടായ്മയുടെ പുതുവത്സര സമ്മാനമായ ഖുർആൻ - ബൈബിൾ പുസ്തകം ഡോ. അഷ്റഫ് കടക്കലിൽ നിന്ന് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ രണ്ട് പ്രബല മതവിശ്വാസികളുടെ പ്രമാണ ഗ്രന്ഥങ്ങളെ താരതമ്യം ചെയ്യുന്ന പുസ്തകം സമകാലിക സമൂഹത്തിൽ ഏറെ പ്രസക്തമാണെന്ന് ഡോ. അഷ്റഫ് കടക്കൽ പറഞ്ഞു. മുസ്ലിം - ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ സൗഹൃദ സംവാദങ്ങൾക്ക് ശക്തി പകരുന്ന ഗ്രന്ഥമാണ് ഡോ. സഫി കസ്കസും ഡോ. ഡേവിഡ് ഹംഗർഫോർഡും രചിച്ച ഖുർആൻ - ബൈബിൾ താരതമ്യ വായന. വിവിധ മതങ്ങൾക്കിടയിൽ ആദർശ വ്യത്യാസങ്ങളെ പ്രതിഫലിപ്പിക്കുന്ന കൃതികൾ ധാരാളമുണ്ട്. ഖുർആനിനെയും ബൈബിളിനെയും താരതമ്യം ചെയ്തുകൊണ്ടുള്ള ധാരാളം രചനകളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഖുർആനിക വചനങ്ങളെ അതിന്റെ അധ്യായങ്ങളുടെ ക്രമത്തിൽ കൃത്യവും സൂക്ഷ്മവുമായി ബൈബിൾ വചനങ്ങളുമായി താരതമ്യം ചെയ്യുന്ന ഈ കൃതി വേറിട്ടൊരു പഠനമാണ്. മതവിശ്വാസികൾക്കിടയിലെ ഐക്യവും പരസ്പര ബന്ധങ്ങളും ശക്തിപ്പെടുത്തുന്ന ഈ കൃതി ലോകസമാധാനത്തിന് തന്നെ ഒരു മുതൽ കൂട്ടാവുമെന്ന് പ്രതീക്ഷിക്കാമെന്നും വി. പി. സുഹൈബ് മൗലവി അഭിപ്രായപ്പെട്ടു. ഇംഗ്ലീഷ് ഭാഷയിലെ ഈ കൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് എഴുത്തുകാരനായ കെ. സി. സലീമാണ്. ചടങ്ങിൽ വി. കെ. ആസിഫലി, ഷാജഹാൻ മലയം എന്നിവർ പങ്കെടുത്തു.