ദേശീയത I ഫെമിനിസം

ഷാജി ജേക്കബ് 2019-03-02

ഒന്ന്, തികഞ്ഞ മതവിശ്വാസത്തോടെ, ഖുറാൻ കേന്ദ്രിതമായി ഇസ്ലാമിനെ നോക്കിക്കാണുകയും മതാത്മകമായിത്തന്നെ മുസ്ലിം സ്ത്രീയുടെ ജീവിതം വിശകലനം ചെയ്യുകയും ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള സാമ്പ്രദായിക രീതി. അസ്ഗർ അലി എഞ്ചിനീയറും മറ്റും ഇതിന്റെ വക്താക്കളാണ്. രണ്ട്, മതേതര-ലിബറൽ നിലപാടുകളോടെ ഇസ്ലാമിനെയും മുസ്ലിം മത, പുരോഹിത ഘടനകളെയും വിമർശിക്കുകയും മുസ്ലിം സ്ത്രീയുടെ കർതൃത്വവും സ്വത്വവും ഇതര മതസ്ഥർക്കൊപ്പം കാണാൻ ശ്രമിക്കുകയും ചെയ്യുന്ന ആധുനിക രീതി. ഭിന്ന രീതികളിൽ ഫാത്തിമ മെർനിസിയുടെയും അയാൻ ഹിർസി അലിയുടെയും മറ്റും നിലപാടുകൾ ഉദാഹരണം. മൂന്ന്, മുസ്ലിം മതജീവിതം അനുഷ്ഠാനപരമായി പിന്തുടർന്നാലും ഇല്ലെങ്കിലും ഇസ്ലാമിന്റെ രാഷ്ട്രീയാസ്തിത്വം മുറുകെപ്പിടിക്കുന്ന, എന്നുവച്ചാൽ മുസ്ലിങ്ങൾ അപരവൽക്കരിക്കപ്പെടുന്നതിന്റെ ചരിത്രവും പ്രത്യയശാസ്ത്രവും തിരിച്ചറിഞ്ഞ് പ്രതിരോധത്തിന്റെ ശബ്ദമുയർത്തുന്ന ആധുനികാനന്തര രീതി. ബി.എസ്. ഷെറിൻ ഈ പുസ്തകത്തിൽ താത്വികമായി പിന്തുടരുന്നത് ഈ കാഴ്ചപ്പാടാണ്. ദേശീയത, മതം, ലിംഗപദവി എന്നീ മൂന്നു സ്വത്വരാഷ്ട്രീയങ്ങളെ കേന്ദ്രീകരിച്ച്, ഭരണകൂടം, നിയമനിർമ്മാണ-നിർവഹണസ്ഥാപനങ്ങൾ, പൊതുസമൂഹം, മാധ്യമങ്ങൾ, സാംസ്‌കാരിക രൂപങ്ങൾ തുടങ്ങിയ പ്രതിനിധാനമണ്ഡലങ്ങളിൽ ഇന്ത്യൻ മുസ്ലിങ്ങൾ അനുഭവിക്കുന്ന അപര-പ്രാന്ത-പിശാചവൽക്കരണങ്ങളെ പ്രശ്‌നവൽക്കരിക്കുന്ന സാംസ്‌കാരിക വിമർശനപാഠങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. പതിനൊന്നുപന്യാസങ്ങൾ. ദേശീയതയുടെ മറുപുറമന്വേഷിക്കുന്നു, ഒരു ലേഖനം. ലിംഗപദവിയും ലൈംഗിക രാഷ്ട്രീയവും ഭിന്നപശ്ചാത്തലങ്ങളിൽ ചർച്ചക്കെടുക്കുന്നു, അഞ്ചു രചനകൾ. മുസ്ലിം സ്ത്രീവാദവും മുത്തലാഖ് ഉൾപ്പെടെയുള്ള വിഷയങ്ങളും വിശകലനം ചെയ്യുന്നു, അഞ്ചുപന്യാസങ്ങൾ. ഈ മൂന്നു മേഖലകളിലും (ദേശീയത, ഫെമിനിസം, ഇസ്ലാം) ഷെറിൻ കൈക്കൊള്ളുന്ന നിലപാടുതറ എന്തെന്നു മനസ്സിലാക്കാൻ പതിനൊന്നാം ലേഖനംതന്നെ ആദ്യം വായിക്കണം. 'ഇസ്ലാമിലെ ലിംഗനീതിയും രാഷ്ട്രീയവും: മുസ്ലിം സ്ത്രീ വായിക്കപ്പെടേണ്ടതെങ്ങനെ?' എന്ന ശീർഷകത്തിലെഴുതപ്പെട്ട ഈ രചന ചർച്ചക്കെടുക്കുന്ന കാര്യങ്ങളും എത്തിച്ചേരുന്ന നിഗമനങ്ങളും ഇങ്ങനെ സംഗ്രഹിക്കാം. മുസ്ലിം ഫെമിനിസമെന്നത്, തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ, ഇസ്ലാമിനെയും സ്ത്രീയെയും കുറിച്ചു നിലനിൽക്കുന്ന ഭിന്നവീക്ഷണങ്ങളുടെ ഒരു സംവാദാത്മക മേഖലയാണ്. കറമ ഘശരവലൃ എഴുതിയ ങൗഹെശാ ണീാലി ഞലളീൃാലൃ െഎന്ന പുസ്തകത്തിൽ നിന്നാണ് ഷെറിൻ തുടങ്ങുന്നത്. 'ആംഗ്ലോഫെമിനിസ്റ്റുകൾ' എന്നു വിളിക്കാവുന്ന ഒരുപറ്റം ഇസ്ലാമിക സ്ത്രീവാദികൾ ലോകത്തെവിടെയും പുരുഷാധീശ മതത്തോടും മതാത്മക ഭരണകൂടത്തോടും പൊരുതി നിലനിൽക്കുന്നതിന്റെ ചരിത്രമാണ് ഈ പുസ്തകത്തിന്റെ കാതൽ. ആമിന വദൂദ് മുതൽ തസ്‌ലിമ നസ്രിൻ വരെയുള്ളവരുടെ ഇടപെടലുകൾ ഉദാഹരണം. ഈ സമീപനത്തെ നിരാകരിക്കുന്ന മൂന്നാംലോക ഇസ്ലാമിക ഫെമിനിസത്തെക്കുറിച്ചുള്ള കുമാരി ജയവർധനെയുടെയും മറ്റും നിലപാടുകളും പക്ഷെ അധിനിവേശത്തിനെതിരെ പോരാടുമ്പോൾ പാശ്ചാത്യ സെക്കുലർ ചിന്താഗതി മുറുകെപ്പിടിക്കുന്നവയാണ്. ചാരുഗുപ്തയെപ്പോലുള്ളവർ 'ഹിന്ദുസ്ത്രീ'യെ മാതൃകയാക്കി മുസ്ലിം സ്ത്രീവാദികൾപോലും രംഗത്തുവന്ന കഥ വിവരിക്കുന്നു. ഈ കാഴ്ചപ്പാടുകളിൽനിന്നു ഭിന്നമായി സബാ മഹ്മൂദ് 'Politics of Piety'യിൽ ഉന്നയിക്കുന്ന കാഴ്ചപ്പാടുകളും റാഡിക്കൽ ഇസ്ലാമിസ്റ്റുകളുടെയും ലിബറൽ ഇസ്ലാമിസ്റ്റുകളുടെയും ചിന്തകളിൽ നിന്നു ഭിന്നമായി തലാൽ ആസാദിനെപ്പോലുള്ളവർ മുന്നോട്ടുവയ്ക്കുന്ന നിലപാടുകളും അനുവർ മജീദിന്റെ 'Politics of Feminism in Islam'ൽ പറയുന്ന വസ്തുതകളും കാതറിൻ ബുളേളാക്ക് 'Rethinking Muslim Women and the Veil'ൽ നടത്തുന്ന വാദങ്ങളും മറ്റും മുൻനിർത്തി ഇസ്ലാമിക സ്ത്രീവാദത്തെക്കുറിച്ചു രൂപംകൊണ്ടിട്ടുള്ള പുതിയൊരു ചിന്താപദ്ധതി പിൻപറ്റുകയാണ് ഷെറിൻ.

© 2018 Open Read. All rights reserved | Design by Uniware Solutions