ഈ ദ്യശ്യപ്രപഞ്ചം അല്ലാഹുവിന്റെ സുന്ദരമായൊരു കലാവിഷ്കാരമാണ്. ഇസ്ലാമിന്റെ മുഖവും അകവും അതുപോലെ സുന്ദരമാണ്. ഇസ്ലാം എല്ലാ നന്മകളെയും അനുവദിക്കുന്നു. എല്ലാ തിന്മകളെയും വിരോധിക്കുന്നു. ഈ നിലപാടു തറയിൽ നിന്നുകൊണ്ട് സംഗീതത്തിന്റെ സാധുത സൂക്ഷ്മമായി പഠന വിധേയമാക്കുന്ന ലഘു കൃതിയാണ് അബ്ദുസ്സലാം സുല്ലമിയുടെ "സംഗീതം നിഷിദ്ധമല്ല" എന്ന ഓപ്പൺ റീ ഡ് പ്രസിദ്ധീകരിച്ച പുസ്തകം. പുസ്തകത്തിന്റെ പ്രൗഢമായ അവതാരികയിൽ വി എ. കബീർ സംഗീതത്തിന്റെ ഇസ്ലാമിക പരിപ്രേക്ഷ്യം സമകാലിക അനുഭവങ്ങൾ കൂടി മുന്നിൽ വെച്ച് വിശകലനം ചെയ്യുന്നു. അബൂമൂസയുടെ ഖുർആൻ പാരായണത്തെ ദാവൂദിന്റെ കുടുംബത്തിന്റെ പുല്ലാങ്കുഴൽ നാദം' എന്നാണ് നബി ഉപമിച്ചത് (ബുഖാരി 5048, മുസ്ലിം 793). അൻസാറുകളിലെ ഒരു പുതുപ്പെണ്ണിന്റെ പുതുക്കത്തിന് പങ്കടുത്ത പത്നി ആയിശയോട്, ആഇശാ നിങ്ങളുടെ കൂടെ ലഹ് വ് (വിനോദം) ഇല്ലായിരുന്നോ? വിനോദം അൻസാറുകൾക്ക് വലിയ ഇഷ്ടമാണ് എന്ന് മുഹമ്മദ് നബി പറഞ്ഞിരുന്നു (ബുഖാരി 5162), പ്രവാചകനുയായി ലുബ്ബിഇന്റെ വിവാഹ ദിനത്തിൽ പെൺകുട്ടികൾ നബി സന്നിധിയിൽ പാട്ടുപാടിയിരുന്നു. നാളത്തെ കാര്യങ്ങൾ അറിയുന്ന ഒരു പ്രവാചകൻ ഞങ്ങളിലുണ്ട് എന്ന് ഒരു പെൺകുട്ടി പാടിയതിനെ, അതുവേണ്ട എന്നു ഫറഞ്ഞ് തിരുമേനി അതിര് നിശ്ചയിച്ചു (ബുഖാരി 147). 'വിനോദവും സംഗീതവും വിവാഹ വേളയിൽ' എന്ന അധ്യായം നസാഈയുടെ ഹദീസ് സമാഹാരത്തിൽ കാണാം. മുന്നോട്ടു വെക്കുന്നു. 'സംസാരത്തിൽ നല്ലതും ചീത്തയുമുള്ളത് പോലെ കവിതയിലുമുണ്ട് എന്ന അധ്യായം ബുഖാരിയിലുണ്ട്. പാട്ടിൽ തത്വമുണ്ട് എന്ന അധ്യായവും പള്ളിയിൽ വെച്ച് പാട്ട് പാടുന്നതിന്റെ അധ്യായവും ബുഖാരിയിൽ കാണാവുന്നതാണ്. തിരുദൂതരുടെ തലക്കുമുകളിൽ ദഫ്ഫ് മുട്ടിപ്പാടാൻ നേർച്ചയാക്കിയ സ്ത്രീയെ തിരുമേനി അതിനനുവദിച്ചു (അബൂദാവൂദ് 3312). വനിതകൾ ഹംസയുടെ മരണത്തിൽ അനുശോചിച്ച് ദീർഘ ഗാനങ്ങൾ പാടിയിരുന്നു. (ബിദായ, വാള്യം 4). ഇങ്ങനെ ഒട്ടനവധി ഉദാഹരണങ്ങളും തെളിവുകളും അബ്ദുസ്സലാം സുല്ലമി മുന്നോട്ടുവെക്കുന്നു. സംഗീതവും സംഗീത ഉപകരണങ്ങളും നിഷിദ്ധണാണെന്നതിന് ഖുർആനിലോ ഹദീസുകളിലോ വ്യക്തമായ തെളിവുകളില്ല. ഏകോപിച്ച പണ്ധിതാഭിപ്രായവും ഈ വിഷയത്തിലില്ല. കവിതയാകട്ടെ സംഗീതമാകട്ടെ അതിലെല്ലാം തന്നെ നല്ലതും ചീത്തയുമുണ്ട്. പ്രമാണങ്ങളുടെ പിൻബലമില്ലാത്തതെത്ര നല്ലതായി തോന്നിയാലും അത്ര നല്ലതല്ല. സംഗീതോപകരണങ്ങൾ നിഷിദ്ധമാണ് എന്ന് പറയുന്നവർക്ക് ചില പണ്ധിത ഫത് വകൾ മാത്രമാണവലംബം. അതാകട്ടെ മതത്തിൽ ഞളിവുമല്ല. മാത്രവുമല്ല, ആ ഫത് വകൾ സാഹചര്യ ബന്ധിതവുമാണ്, സംഗീതമായാലും കവിതയായാലും സംഗീതോപകരണങ്ങളായാലും തിന്മക്കുവേണ്ടിയാണുപയോഗിക്കുന്നതെങ്കിൽ അത് നിഷിദ്ധമാണ് എന്ന കാര്യത്തിൽ സംശയമില്ല. സംഗീതവും അതിന്റെ ഉപകരണങ്ങളുമല്ല, മറിച്ച് നിഷിദ്ധമായതും അനുവദീയമല്ലാത്തതുമായ ആവശ്യങ്ങൾക്കുവേണ്ടി അവ ഉപയോഗിക്കുന്നതിനെയാണ് പ്രവാചകൻ വിലക്കിയിട്ടുള്ളത് എന്ന അവബോധവും ഈ പുസ്തകം പകരുന്നു. ‘സംഗീതം നിഷിദ്ധമാണ് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നവർ ചൂണ്ടിക്കാണിക്കാറുള്ള തെളിവുകൾ അബ്ദുസ്സലാം സുല്ലമി പണ്ഡിതോചിതം വിശകലനം ചെയ്യുന്നുണ്ട് ഈ പുസ്തകത്തിൽ. ഹദീസുകൾ സൂക്ഷ്മമായി വിലയിരുത്തിയാൽ മദ്യപാനം, വ്യഭിചാരം തുടങ്ങിയ സന്ദർഭങ്ങളുമായി ചേർന്നാണ് സംഗീതോപകരണങ്ങൾ വിലക്കുന്ന സാഹചര്യവും പണ്ഡിതാഭിപായങ്ങളും രൂപപ്പെട്ടത്. വാദ്യോപകരണങ്ങളുടെ നിർത്താതെയുള്ള കരച്ചിലും അലറി വിളിച്ച ആഭാസ നൃത്തങ്ങളും കുടിച്ച് കൂത്താടുന്ന സംഗീത മേളകളും കണ്ടുള്ള കണ്ടുകൂടായ്മകൊണ്ടാണിക്കാലത്തും സംഗീതത്തോടുള്ള അലർജി. നൈസർഗികമായി പ്രകൃതിയിലൂട്ടപ്പെട്ടതും പ്രകൃതി മതമായ ഇസ്ലാം അംഗീകരിക്കുന്നതും പ്രബോധന മാർഗത്തിൽ അനുവദനീയവും ഫലപ്രദവുമായ സംഗീത സാധ്യതകളെ വേർതിരിച്ചടുത്തറിയാൻ ഈ പുസ്തകം നമ്മെ പ്രാപ്തമാക്കുന്നു.