2012-13 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലായ് 31. അഞ്ചുലക്ഷം രൂപയ്ക്കുമേല്‍ നികുതി വിധേയ വരുമാനമുള്ളവരെല്ലാം ഇ-ഫയലിങ്ങാണ് നടത്തേണ്ടത്. ഐ.ടി.ആര്‍.-വി അക്‌നോളഡ്ജ്‌മെന്റ് ഒപ്പിട്ട് 120ദിവസത്തിനുള്ളില്‍ സി.പി.സി. ബാംഗ്ലൂര്‍ ഓഫീസിലേക്ക് അയയ്ക്കണം. സമയനിഷ്ഠയുടെ കാര്യത്തില്‍ നമുക്ക് മൂന്നുതരം മനുഷ്യരെ കാണാന്‍ കഴിയും. വളരെ മുന്നേ തന്നെ ചെയ്തുതീര്‍ക്കാനുള്ളവ കൃത്യമായി ചെയ്തുതീര്‍ക്കുന്നവരാണ് ഒന്നാം ഗണത്തില്‍. ഇക്കൂട്ടര്‍ എണ്ണത്തില്‍ വളരെ കുറവാണ് എന്നതില്‍ സംശയമില്ല. അവസാനനിമിഷം വരെ കാത്തിരുന്നിട്ട് പതിനൊന്നാം മണിക്കൂറില്‍ നെട്ടോട്ടമോടുന്നവരാണ് രണ്ടാം ഗണത്തില്‍. ഭൂരിപക്ഷവും ഈ ഗണത്തില്‍ വരുന്നു. പിന്നെ എല്ലാം നീട്ടി നീട്ടി അനിശ്ചിതമായി മുന്നോട്ടുപോകുന്നവരാണ് മൂന്നാമത്തെ ഗണത്തില്‍. 'ചക്കിക്കൊത്തൊരു ശങ്കരന്‍' എന്ന പോലെ നമ്മുടെ ധനമന്ത്രാലയവും രണ്ടാം ഗണത്തില്‍ വരുന്നു എന്നു പറയേണ്ടിയിരിക്കുന്നു. 2012-13 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണ്‍ 1-4-2013 മുതല്‍ തത്ത്വത്തില്‍ ഫയല്‍ ചെയ്യാവുന്നതാണ്. എന്നാല്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഇവ ലഭ്യമാകണമെങ്കില്‍ മാസങ്ങളെടുക്കും. എല്ലാ വര്‍ഷവും റിട്ടേണ്‍ ഫോമുകള്‍ മാറിക്കൊണ്ടിരിക്കുന്നു എന്നതിനാല്‍ പഴയ ഫോം ഉപയോഗിച്ച് റിട്ടേണ്‍ സമര്‍പ്പിക്കാനാവുന്നതുമല്ല. (റിട്ടേണ്‍ ഫോമില്‍ അസസ്സ്‌മെന്റ് വര്‍ഷം ഏതെന്ന് വെണ്ടയ്ക്കാ അക്ഷരത്തില്‍ പ്രിന്റ് ചെയ്തിട്ടുണ്ടാവും.) ഇ-ഫയലിങ്ങിനുള്ള സോഫ്റ്റ്‌വെയര്‍ റെഡിയാകണമെങ്കില്‍ പിന്നെയും സമയമെടുക്കും. ഏതെങ്കിലും നിയമപ്രകാരം ഓഡിറ്റ് നിര്‍ബന്ധമല്ലാത്ത നികുതി ദായകര്‍ക്ക് 2012-13 സാമ്പത്തിക വര്‍ഷത്തേക്കുള്ള റിട്ടേണ്‍ (അതായത് അസസ്സ്‌മെന്റ് വര്‍ഷം 2013-14) സമര്‍പ്പിക്കുവാനുള്ള അവസാന തീയതി 2013 ജൂലായ് 31 ആണ്. ഈ തീയതി നീട്ടിയേക്കാം എന്ന് അഭ്യൂഹമുണ്ടെങ്കിലും ഇതെഴുതുമ്പോള്‍ അങ്ങനെയൊരു അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. എന്തുകൊണ്ട് നിശ്ചിത തീയതിക്കുള്ളില്‍ ബാക്കി നികുതി എന്തെങ്കിലും അടയ്ക്കാനുള്ള പക്ഷം അത്രയും തുകയ്ക്ക് പ്രതിമാസം ഒരു ശതമാനം വരുന്ന പലിശ വകുപ്പ് 234 എ പ്രകാരം നല്‍കിയാല്‍ മതിയല്ലോ എന്ന് കരുതിയിട്ടുള്ളവര്‍ റിട്ടേണ്‍ സമര്‍പ്പണതീയതിക്കുള്ളില്‍((due date) സമര്‍പ്പിക്കാത്തപക്ഷം താഴെ പറയുന്ന പ്രശ്‌നങ്ങളില്‍ ചെന്ന് ചാടുമെന്ന കാര്യത്തില്‍ സംശയമില്ല. 1. എന്തെങ്കിലും നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അവ അടുത്ത വര്‍ഷത്തെ ലാഭങ്ങളുമായി തട്ടിക്കിഴിക്കാന്‍((carry forward and set off of losses) ഉള്ള അവകാശം നഷ്ടപ്പെടും. 2. ആദ്യത്തെ റിട്ടേണില്‍ മനഃപൂര്‍വമല്ലാതെ ആണെങ്കില്‍ കൂടി എന്തെങ്കിലും തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ ഒരു റിവൈസ്ഡ് റിട്ടേണ്‍ സമര്‍പ്പിച്ച് പിശകുകള്‍ തിരുത്താനുള്ള അവസരം നഷ്ടപ്പെടും. റിട്ടേണ്‍ ഫോമുകള്‍ ശമ്പളവരുമാനക്കാരില്‍ മിക്കവര്‍ക്കും ബാധകമായിട്ടുള്ളത് 'സഹജ്' എന്ന് നാമകരണം ചെയ്തിട്ടുള്ള ഐ.ടി.ആര്‍-1 എന്ന റിട്ടേണ്‍ ഫോമാണ്. വളരെയധികം ലഘൂകരിക്കപ്പെട്ടിട്ടുള്ള ഈ റിട്ടേണ്‍ ഫോം ശമ്പളം, പെന്‍ഷന്‍, ഏതെങ്കിലും ഒരു ഹൗസ് പ്രോപ്പര്‍ട്ടിയില്‍ നിന്നുള്ള വരുമാനം, ലോട്ടറി, കുതിരപ്പന്തയം എന്നിവയില്‍ നിന്നല്ലാത്ത മറ്റ് സ്രോതസുകളില്‍ നിന്നുള്ള വരുമാനം എന്നിവയുള്ളവര്‍ക്ക് മാത്രമെ ഉപയോഗിക്കാനാകൂ. മുന്‍വര്‍ഷങ്ങളില്‍ നിന്നുള്ള നഷ്ടം ക്യാരി ഫോര്‍വേഡ് ചെയ്യാനവകാശമുന്നയിക്കുന്നവര്‍ക്കും 5000 രൂപയില്‍ കൂടുതല്‍ ഒഴിവാക്കപ്പെട്ടിട്ടുള്ള വരുമാനമുള്ളവര്‍ക്കും ഈ ഫോം ഉപയോഗിക്കാവുന്നതല്ല. മിക്കവര്‍ക്കും ഈ റിട്ടേണിന്റെ പ്രയോജനം ലഭിക്കുന്നില്ല എന്ന് വിശദീകരിക്കേണ്ടിയിരിക്കുന്നു. ഉദാഹരണമായി പ്രതിമാസം 800 രൂപവച്ച് കണ്‍വെയന്‍സ് അലവന്‍സിന് (വര്‍ഷത്തില്‍ 9,600 രൂപ) അര്‍ഹതയുള്ളവര്‍, 5,000 രൂപയില്‍ കൂടുതല്‍ വീട്ടുവാടക ബത്തയ്ക്ക് ഒഴിവ് അവകാശപ്പെടുന്നവര്‍ എന്നിവര്‍ക്കൊക്കെ ഈ ഫോറം ബാധകമല്ല എന്നതാണ് സത്യം. ഇക്കൂട്ടര്‍ ഐ.ടി.ആര്‍-2 വേണം ഉപയോഗിക്കാന്‍.ഇവിടെ ഒരു സംഗതികൂടെ പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. അഞ്ചുലക്ഷം രൂപവരെ ശമ്പളവരുമാനമുള്ളവര്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ല എന്ന സി.ബി.ഡി.ടി.യുടെ നോട്ടിഫിക്കേഷന്‍ വളരെയധികം തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ട്. 10,000 രൂപ വരെ എസ്.ബി. ബാങ്ക് അക്കൗണ്ടില്‍ നിന്ന് പലിശ വരുമാനമുള്ളവര്‍ തങ്ങളുടെ ശമ്പളവരുമാനം മുഴുവന്‍ ടി.ഡി.എസ്സിന് വിധേയമാക്കപ്പെട്ടിട്ടുണ്ടെങ്കില്‍ മാത്രമേ ഈ ഒഴിവുള്ളൂ. ബാങ്ക് ഫിക്‌സഡ് ഡപ്പോസിറ്റ്, എന്‍.എസ്.സി, പോസ്റ്റ് ഓഫീസ് ടേം ഡിപ്പോസിറ്റ് എന്നിങ്ങനെയുള്ളവയില്‍ നിന്ന് പലിശ വരുമാനമുണ്ടെങ്കില്‍ അവര്‍ ഒഴിവാക്കപ്പെട്ടിട്ടില്ല. മുമ്പൊരിക്കല്‍ ചൂണ്ടിക്കാട്ടിയതു പോലെ ആദായനികുതി വകുപ്പില്‍നിന്ന് കേവലം 100 രൂപ റീഫണ്ട് പലിശയായി ലഭിച്ചിട്ടുള്ളവര്‍ക്ക് പോലും ഈ വിജ്ഞാപനത്തിന്റെ പ്രയോജനം ലഭിക്കുകയില്ല എന്നതാണ് സത്യം. ഇതില്‍ നിന്ന് ബിസിനസ്സുകാരനല്ലാത്ത ഒട്ടുമിക്ക വ്യക്തികള്‍ക്കും ഉപയോഗിക്കാവുന്ന റിട്ടേണ്‍ ഫോം ഐ.ടി.ആര്‍-2 ആണ്. ശമ്പളവരുമാനം, ഒന്നോ അതില്‍ കൂടുതലോ ഹൗസ് പ്രോപ്പര്‍ട്ടിയില്‍ നിന്നുള്ള വരുമാനം, ക്യാപ്പിറ്റല്‍ ഗെയിന്‍സ്, ലോട്ടറി, കുതിരപ്പന്തയം എന്നിവയടക്കം മറ്റു വരുമാനമുള്ളവര്‍ എന്നിവര്‍ക്ക് (വ്യക്തികളായാലും ഹിന്ദു അവിഭക്ത കുടുംബങ്ങളായാലും) ഈ ഫോം ഉപയോഗിക്കാവുന്നതാണ്. ഇനിയുള്ള ഫോമുകള്‍ ഒന്നുംതന്നെ ശമ്പളവരുമാനക്കാര്‍ക്കുള്ളതല്ല എന്നതിനാല്‍ കേവലം ഒരു പരാമര്‍ശത്തിലൊതുക്കാം. ഐ.ടി.ആര്‍-3: സ്വന്തമായി പ്രൊപ്രൈറ്ററി ബിസിനസില്ലാതെ, പാര്‍ട്ട്ണര്‍ഷിപ്പില്‍ നിന്ന് മാത്രം വരുമാനമുള്ളവര്‍ക്ക് ബാധകം. ഐ.ടി.ആര്‍-4: സ്വന്തം ബിസിനസുള്ളവര്‍ക്ക് ഉപയോഗിക്കാം. പാര്‍ട്ട്ണര്‍ഷിപ്പില്‍ നിന്നുകൂടെ വരുമാനമുണ്ടെങ്കിലും ഈ ഫോം തന്നെ ഉപയോഗിക്കണം. ഐ.ടി.ആര്‍-5: പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍ക്ക് ബാധകം. ഐ.ടി.ആര്‍-6: കമ്പനികള്‍ക്ക് ബാധകം. ഐ.ടി.ആര്‍-7: മത-ധര്‍മ സ്ഥാപനങ്ങള്‍ക്ക് ബാധകം. ഐ.ടി.ആര്‍-4 എസ്: കണക്കും ഓഡിറ്റും ഒന്നുമില്ലാതെ മൊത്തം വരുമാനം നിശ്ചിത നിരക്കില്‍ കണക്കാക്കി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ക്ക് 'സുഗം' എന്ന പേരിലും അറിയപ്പെടുന്നു. റിട്ടേണിലെ മാറ്റങ്ങള്‍ 2013-14 അസസ്സ്‌മെന്റ് വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണില്‍ ചില കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് എന്നുള്ളത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഇ-ഫയലിങ് നടത്തുമ്പോള്‍ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ നല്‍കിയിരിക്കണം എന്നുള്ളത് പുതിയ കാര്യമല്ല. എന്നാല്‍ ബാങ്ക് അക്കൗണ്ടിന്റെ എം.ഐ.സി.ആര്‍. കോഡ് ആയിരുന്നു ഇതേവരെ നിര്‍ബന്ധമാക്കിയിരുന്നത്. ഇതിനുപകരം ഈ വര്‍ഷം മുതല്‍ ഐ.എഫ്.എസ്.സി. ((Indian Financial System code))ആണ് നല്‍കേണ്ടത്.ഈ കോഡില്‍ മൊത്തം 11 (അക്കങ്ങളും അക്ഷരങ്ങളും) ഉണ്ടാകും. മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമാക്കി എന്നുള്ളതാണ് മറ്റൊരു പരിഷ്‌കാരം. അഞ്ച് ലക്ഷം രൂപയ്ക്ക് മേല്‍ നികുതിവിധേയ വരുമാനമുള്ളവരെല്ലാം ഇ-ഫയലിങ് നടത്തിയിരിക്കണം എന്നുള്ളതാണ് മറ്റൊരു പരിഷ്‌ക്കാരം. (കഴിഞ്ഞ വര്‍ഷം ഇത് 10 ലക്ഷം രൂപ ആയിരുന്നു) ഇനിയും ഈ പരിധി കുറച്ചുകൊണ്ടുവന്ന് രാജ്യത്തുള്ള എല്ലാം നികുതിദായകരെയും കംപ്യൂട്ടര്‍ സാക്ഷരത കൈവരിപ്പിച്ച് ഒരു ഇ-ഫയലിങ് വിപ്ലവം തന്നെ ഈ രാജ്യത്ത് പ്രതീക്ഷിക്കാം.
Mind Blowing Games with super graphics available at Global Internet Cafe & Game Centre... Hurry Kids !!
We offer special prices for bulk printing @ Global Internet Cafe & Game Centre ! So Hurry !!
Billing softwares and Accounting software available at exciting offers on bulk purchase !!